Friday, June 13, 2008

എന്റെ സിനിമകള്‍

തലക്കെട്ടു കണ്ട് ഞാന്‍ സംവിധാനം ചെയ്ത സിനിമയെന്നോ അഭിനയിച്ചതെന്നോ അങ്ങനെ ഏതെങ്കിലും തരത്തില്‍ ഞാനുമായി ബന്ധപ്പെട്ടതെന്നോ വിചാരിക്കരുത്. ഇവിടെ ചില സിനിമകള്‍ (ഞാന്‍ കണ്ടത്) നിങ്ങള്‍ക്കായി നിര്‍ദ്ദേശിക്കാന്‍ ആഗ്രഹിക്കുന്നു.

1. മുന്നാഭായി എം .ബി.ബി.എസ്.

ഇതെന്നെ ശെരിക്കും ആകര്‍ഷിച്ച ഒരു സിനിമയാണ്. ജീവിതത്തില്‍ ഞാനുള്‍പ്പെടുന്ന ആള്‍ക്കാര്‍ ചെറിയവര്‍ എന്നു കരുതുന്ന ആള്‍ക്കാരോട് ഇടപെടേണ്ടതെങ്ങനെയെന്ന് ഈ സിനിമ പറഞ്ഞു തരുന്നു. കുറ്റം ഏറ്റുപറയാനും നല്ലത് ചെയ്യാനും ഇതെന്നെ പ്രേരിപിച്ചിട്ടുണ്ട്.

2. റിമംബര്‍ ദി റ്റൈറ്റന്‍സ്

റാങ്കിംഗില്‍ ഏറ്റവും താഴെയുള്ള ബേസ് ബാള്‍ റ്റീമിനെ കോച്ചും അസിസ്റ്റന്റ് കോച്ചും ചേര്‍ന്ന് ചാമ്പ്യന്‍മാരക്കുന്നതാണു പ്രമേയം . തികച്ചും കാര്‍ക്കശ്യക്കാരനായ് കോച്ചിനെ അവതരിപ്പിക്കുന്നത് ഡന്‍സല്‍ വാഷിന്‍ടണ്‍ ആണ്.

3. ലഗാന്‍

പ്രാര്‍ത്ഥനയുടെയും പ്രത്യാശയുടെയും കഠിന പ്രയത്നത്തിന്റെയും ഒത്തൊരുമയുടെയും ഫലം എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്നത് ലഗാന്‍ ആണ്.

4. ലക്ഷ്‌യ

ജീവിതത്തില്‍ ഒന്നുമാകാതിരിക്കുകയും എന്തെങ്കിലുമാകാന്‍ ശ്രമിച്ച് പരാജയപ്പെടുകയും ഒടുവില്‍ വിജയം കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്യുന്നതെങ്ങനെയെന്നു ഈ സിനിമ കാണിച്ചു തന്നു.

5. ചക്ക് ദേ ഇന്‍ഡ്യ

ലഗാന്‍ പോലെ തന്നെ എനിക്കിഷ്ട്പ്പെട്ട മറ്റൊരു സിനിമ

6. സേവിങ്ങ് പ്രൈവറ്റ് റ്യാന്‍

എല്ലാം തികഞ്ഞ ഒരു പട്ടാള സിനിമ

7. കിരീടം

കാണണമെങ്കില്‍ നല്ല മനക്കട്ടി വേണമെന്ന് എനിക്ക് തോന്നിയിട്ടുള്ള സിനിമകളില്‍ ഏറ്റവും നല്ലത്.

8. താരെ സമീന്‍ പര്‍

കൊച്ചുകുട്ടി എങ്ങനെയായിരിക്കും ചിന്തിക്കുന്നതെന്ന് എന്നെ ചിന്തിപ്പിച്ച സിനിമ.

9. ജബ് വി മെറ്റ്

നിഷ്‌കളങ്കമായ ഒരു പ്രേമ കഥ

10. ദി സ്പിരിറ്റ് & ഫൈന്‍ടിങ്ങ് നിമോ

എത്ര പ്രായമായാലും കാണാന്‍ പറ്റിയ അനിമേഷന്‍ സിനിമകള്‍ . എന്നെ ശെരിക്കും കരയിച്ചിട്ടുള ചിത്രങ്ങള്‍ .


ഇതൊക്കെ ഞാന്‍ കണ്ടിട്ടുള്ള നല്ല ചിത്രങ്ങളില്‍ നിന്നും എനിക്കിഷ്‌ടപ്പെട്ടവ മാത്രമാണ്. കണ്ടത് മനോഹരം , കാണാത്തത് അതിമനോഹരം എന്നല്ലേ..വേറെ നല്ല സിനിമകള്‍ നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരുക.

Wednesday, June 11, 2008

ബ്ളോഗാകുലതകള്‍

ബ്ളോഗുകളില്‍ ഇപ്പൊ ചര്‍ച്ച ചെയ്യപ്പെടുന്ന ഏറ്റവും ചൂടുള്ള വിഷയം മോഷണവും തെറിവിളിയുമൊക്കെയ്യാണ്. പെട്ടെന്നു പ്രസിദ്ധരാവാന്‍ , സ്വയം വിലയില്ലാത്തവര്‍ ചെയ്ത ഈ ഈ പ്രവൃത്തി ശിക്ഷാര്‍ഹം തന്നെയാണ്. ആരു ചെയ്തു, എന്തിനു ചെയ്തു എന്നൊക്കെ അറിഞ്ഞ സ്ഥിതിക്ക്, പ്രതിഷേധം വെറും ബ്ളോഗ് കറുപ്പിച്ചതു മാത്രം കൊണ്ടായില്ല.സത്യത്തില്‍ , വേറൊരു രീതിയിലും പ്രതിഷേധിക്കാന്‍ കഴിയാതെ വരുമ്പൊ സ്വീകരിക്കേണ്ടിയിരുന്ന ഒന്നായിരുന്നു ഇത്. ആദ്യമേ ഇങ്ങനെ ഒരു നടപടി സ്വീകരിച്ച് , ബ്ളോഗ് സമൂഹം നിസ്സഹായരാണു എന്ന തോന്നല്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കതിരിക്കന്നതല്ലെ നല്ലത്?

എനിക്കു ബ്ളോഗു ലോകത്തെ കുറിച്ച് വളരെകുറച്ച് മാത്രെ അറിയൂ. എന്നാല്‍ ഇതിനെ കുറിച്ച് നന്നായി അറിയുന്ന ആള്‍ക്കാര്‍ ഇതിനോടൊപ്പം തന്നെ, ഈ പ്രവൃത്തികള്‍ക്കെതിരെ എന്തു ചെയ്യണമെന്നും അതെങ്ങനെ ചെയ്യണമെന്നും ആലൊചിച്ച് വിശകലനം ചെയ്ത് തീരുമാനിക്കണം എന്നാണെന്റെ അഭിപ്രായം .


ബെര്‍ളി പറഞ്ഞതിലും ഇഞ്ചിപ്പെണ്ണു ചെയ്തതിലും കാര്യമുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ നമ്മള്‍ അനുകൂലിക്കുക തന്നെ വേണം , അവര്‍ എങ്ങനെയുള്ള ആളായിരുന്നാലും . അവര്‍ക്ക് മെയില്‍ അയക്കാനും അവരുടെ മോശം പെരുമാറ്റം ബ്ളോഗുസമൂഹത്തിനെ അറിയിക്കാനും ഇഞ്ചിപ്പെണ്ണു ധൈര്യം കാണിച്ചു. അവരുടെ പോസ്റ്റില്‍ ഒരിടത്തും , 'ഇതു കഴിഞാല്‍ എല്ലാരും എന്നെ സപ്പോര്‍ട്ട് ചെയ്തുകൊള്ളണം ' എന്നു സൂചിപ്പിച്ചതായി എനിക്കു തോന്നിയിട്ടില്ല. ആരോ ബ്ളോഗ് കറുപ്പിക്കല്‍ എന്ന ഐഡിയ മുന്നോട്ടു വച്ചു. കുറച്ചു കൂടി മുന്നോട്ടു ചിന്തിച്ച ആള്‍ക്കാര്‍ അതു പോരാ എന്നും കൂടുതല്‍ നടപടികള്‍ വേണമെന്നും പറഞ്ഞു .കൂടാതെ, പിന്തുണ ഒരു വ്യക്തിക്കല്ല, മറിച്ച് ബ്ളോഗ് സമൂഹത്തിനാണാവശ്യം എന്നു വിളിച്ചു പറയാന്‍ ബെര്‍ളി കാണിച്ച ധൈര്യം ആരും കാണിച്ചില്ല. ഇവിടെ ഇഞ്ചിക്കും തെറ്റിയില്ല, ബെര്‍ളിക്കും തെറ്റിയില്ല, കറുപ്പുബ്ളോഗിന്റെ ഉപഞാതാവിനും തെറ്റിയില്ല.

ഇപ്പൊ സ്വീകരിച്ച നടപടികളേക്കാള്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാവാമെന്നിരിക്കെ ബ്ളോഗ് കറുപ്പിച്ചതു കൊണ്ട് യാതൊരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല. ബ്ളോഗ് സമൂഹത്തിന്റെ മൊത്തത്തിലുള്ള ആശങ്ക അറിയിക്കാന്‍ ഇതു നല്ലതു തന്നെയാ. പക്ഷെ ഇതിവിടെകൊണ്ടവസാനിപ്പിച്ചാല്‍ , അതുതന്നെയാവും ഇന്ചിയും ബെര്‍ളിയും ഉള്‍പ്പെടുന്ന ബ്ളോഗര്‍ ചെയ്യുന്ന തെറ്റ്.

പലരും ബ്ളോഗ് തുടങ്ങിയത് മനസ്സിന്റെ സുഖത്തിനു വേണ്ടി തന്നെയാണ്. ഒഴിവു സമയങ്ങളിലാണു പലരും കുത്തിക്കുറിക്കുന്നത്. ജോലി, കുടുംബം ഇതൊക്കെ കഴിഞ്ഞേ എല്ലാര്‍ക്കും ബ്ളോഗുണ്ടാവു. സമയമുള്ളവര്‍ , പ്രതികരിക്കാന്‍ ശക്തിയും എങ്ങനെ പ്രതികരിക്കണം എന്നു തീരുമാനിക്കാനുള്ള ബുദ്ധിയുമുള്ളവര്‍ തീര്‍ച്ചയായും അതു ചെയ്യണം . ബെര്‍ളിക്ക് ബെര്‍ളിയുടേതായ രീതിയിലും ഇഞ്ചിപ്പെണ്ണിനു അവരുടെ രീതിയിലും .


ആരും ഇതിനെതിരെ പോരാടാം എന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. അവരവരുടെ മനസ്സിനു തോന്നുന്നതു ചെയ്യുന്നു എന്നു മാത്രം .പ്രതിഷേധിക്കുന്നവരും അതിനെ പ്രതിഷേധിക്കുന്നവരും ഇതു മറന്നുപോയിട്ടുണ്ടാവും .

രോഗത്തെ കുറ്റം പറയാതെ പ്രതിവിധിക്കുള്ള മരുന്നു കണ്ടുപിടിക്കയല്ലേ നല്ലത്?

എല്ലാപേര്‍ക്കും ആശംസകള്‍